സാമൂഹ്യ സാമ്പത്തിക രംഗങ്ങളിലായി കഴിഞ്ഞ 40 വർഷത്തെ വികസന കുതിപ്പിന്റെ ബലത്തിൽ ലോകത്തിലെ ഏറ്റവും സന്തോഷകരമായ ജീവിതം നൽകുന്ന നഗരമായി മാറുകയാണ് ദുബായ്. 2021 കടക്കുമ്പോഴേക്കും പൂർണമായും കടലാസ് രഹിത നഗരമാവുക എന്ന ലക്ഷ്യത്തോടുകൂടി എല്ലാവിധ ഗവൺമെൻറ് സർവീസുകളും 100% ഡിജിറ്റൽവൽക്കരിക്കുന്ന തിന്റെ മുന്നോടിയായി, ദുബായ് കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദിന്റെ നേതൃത്വത്തിൽ ദുബായ് ഗവൺമെൻറ് രൂപംനൽകിയ പദ്ധതിയാണ് സ്മാർട്ട് ദുബായ്.ഏകദേശം 130 ഓളം സ്മാർട്ട് ദുബായ് ഓഫീസുകൾ ഗവൺമെൻറ്- സ്വകാര്യ പങ്കാളിത്തത്തോടെ കൂടി യുഎഇയിൽ ഇപ്പോൾ പ്രവർത്തിക്കുന്നു.

സ്മാർട്ട് ദുബായ് ആപ്പുകളും സേവനങ്ങളും

സാങ്കേതികരംഗത്തെ നൂതന സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി വിവിധ അപ്ലിക്കേഷനുകൾ വഴി സ്മാർട്ട് ദുബായ് ഇവിടത്തെ പൊതു ജനങ്ങൾക്ക് മെച്ചപ്പെട്ട ഓൺലൈൻ സേവനങ്ങൾ നൽകുന്നു. വ്യത്യസ്ത ആപ്പുകൾ വഴി ദുബായ് നഗരത്തിലെ എല്ലാ വിധ സൗകര്യങ്ങളും സേവനങ്ങളും പൊതുജനങ്ങൾക്കും സന്ദർശകർക്കും എളുപ്പത്തിൽ ലഭ്യമാക്കുന്നു സ്മാർട്ട് ദുബായ്.

സ്മാർട്ട് ദുബായുടെ ആപ്ലിക്കേഷനുകളും സേവനങ്ങളും

ദുബായ് നൗ ആപ്പ്

ദുബായിൽ ലഭ്യമായിട്ടുള്ള എല്ലാവിധ സേവനങ്ങളും
ഒരൊറ്റ വേദിയിൽ ഏകോപിപ്പിക്കാൻ വേണ്ടി നടപ്പിലാക്കിയ സ്മാർട്ട് ദുബായ് പദ്ധതിയുടെ ഏറ്റവും ആകർഷണീയമായ ഒരു സേവനമാണ് ദുബായ് നൗ എന്ന ആപ്ലിക്കേഷൻ. ദുബായിലെ പൊതുജനങ്ങളുടെ നിത്യജീവിതത്തിൽ ആവശ്യമായ എല്ലാവിധ സേവനങ്ങളും ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. 24 ഗവൺമെൻറ് വകുപ്പുകളിൽ നിന്നുമായി 85 ലധികം സർവ്വീസുകൾ ദുബായ് നൗ വഴി ലഭ്യമാണ്.ഈ ആപ്ലിക്കേഷനിലൂടെ ട്രാഫിക് ഫൈനുകൾ, സാലിക്ക, നോൺ കാർഡ് റീചാർജ്, ഇന്ധനങ്ങളുടെ റീചാർജ്,വാഹന രജിസ്ട്രേഷൻ, വിവിധ രേഖകളുടെ പുതുക്കൽ, ഫ്ലൈറ്റ് ട്രാക്കിംഗ് മുതലായ സൗകര്യങ്ങൾ ഉപയോക്താക്കൾക്ക് ലഭ്യമാകും.

ദുബായ് now പോർട്ടൽ

55 ലധികം ഗവൺമെൻറ് സേവനങ്ങളുമായി പൊതുജനങ്ങളെ ഏറ്റവും വേഗത്തിൽ സഹായിക്കുക എന്ന ലക്ഷ്യത്തോടു കൂടിയുളള സ്മാർട്ട്ദുബായ് സംരംഭമാണ് ദുബായ് നൗ പോർട്ടൽ. വെബ്സൈറ്റ് വഴി വിവിധയിനം ബില്ലുകൾ ചെയ്യുവാനും വിസ ആപ്ലിക്കേഷനുകൾ, വിവിധ ഔദ്യോഗിക രേഖാ നടപടികൾ എന്നിവ തുടങ്ങി ബിസിനസ് ട്രേഡ് ലൈസൻസ് പുതുക്കൽ, കാർ രജിസ്ട്രേഷൻ മുതലായ ധാരാളം നടപടികൾ എളുപ്പത്തിൽ ചെയ്യാൻ വേണ്ടി ദുബായ് നൗ വെബ്സൈറ്റ് ഉപഭോക്താക്കളെ സഹായിക്കുന്നു.

ഗവൺമെൻറ് റിസോഴ്സ് പ്ലാനിങ് സിസ്റ്റം (ജി ആർ പി)

ഫിനാൻസ് മാനേജ്മെൻറ്, ഹ്യൂമൻ റിസോഴ്സസ്, പെയ്റോൾ സിസ്റ്റം, തുടങ്ങി വിവിധയിനം ബിസിനസ് സേവനങ്ങൾ അണിനിരത്തിക്കൊണ്ട് ദുബായ് ബിസിനസ് സംരംഭകർക്ക് ഏറ്റവും എളുപ്പത്തിൽ ഉള്ള സേവനങ്ങൾ ലഭ്യമാക്കുകയാണ് ജി ആർ പി സ്റ്റേഷനുകൾ. ഗവൺമെൻറ് ഒഫീഷ്യലുകൾ അടങ്ങുന്ന ടീമിൻറെ സഹകരണത്തോടുകൂടി ജി ആർ പി ഉപയോക്താക്കൾക്ക് ബിസിനസുമായി ബന്ധപ്പെട്ട ട്രെയിനിംഗുകൾ, സാങ്കേതിക സഹായങ്ങൾ ബിസിനസുകൾ ഡിജിറ്റൽ വൽക്കരിക്കുന്നതിനാവശ്യമായ ആപ്ലിക്കേഷനുകൾ, മറ്റു സൗകര്യങ്ങൾ തുടങ്ങിയവയൊക്കെ ഈ ആപ്പ് വഴി ലഭ്യമാക്കാൻ സാധിക്കും. ദുബായിൽ ബിസിനസ് സംരംഭം സ്വപ്നം കാണുന്ന ഏതൊരാൾക്കും ഏറെ ഉപയോഗപ്പെടുത്താൻ പറ്റിയ ഒരു ആപ്ലിക്കേഷനാണ് ജി ആർ പി.

റാഷിദ്

ദുബായ് നഗരത്തിലെ എന്തിനെ കുറിച്ചും പൊതുജനങ്ങൾക്ക് അറിയാൻ വേണ്ടി സൗകര്യമൊരുക്കുന്ന ആപ്ലിക്കേഷനാണ് റാഷിദ്. ദുബായ് സ്മാർട്ട് സിറ്റി അസിസ്റ്റൻറ് എന്നറിയപ്പെടുന്ന ഈ ആപ്ലിക്കേഷൻ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് സാധ്യതകൾ ഉപയോഗപ്പെടുത്തിയാണ് പ്രവർത്തിക്കുന്നത്. റാഷിദ് അപ്ലിക്കേഷനുകൾ വഴി ദുബായിലെ പൊതുജനങ്ങൾക്കും സന്ദർശകർക്കും അറിയേണ്ട എല്ലാ വിവരങ്ങളും ലഭ്യമാകുന്നു. ബിസിനസ് സംരംഭങ്ങൾ, പൊതുഗതാഗത സൗകര്യങ്ങൾ, വിസാ പാസ്പോർട്ട് വിവരങ്ങൾ, വിനോദസഞ്ചാരകേന്ദ്രങ്ങൾ, ഭക്ഷണശാലകൾ ഷോപ്പിംഗ് സെൻററുകൾ എന്തുമാവട്ടെ ദുബായിൽ നിങ്ങൾക്ക് അറിയേണ്ടെതന്തിനെക്കുറിച്ചുമുള്ള പൂർണ വിവരം നൽകാൻ റാഷിദ് സജ്ജമായിരിക്കുന്നു.

ദുബായ് പൾസ്.

ദുബായിൽ ഉള്ള എല്ലാ വ്യക്തികൾക്കും കമ്പനികൾക്കും സ്വകാര്യ ഗവൺമെൻറ് കമ്പനികൾക്കും ഉപയോഗപ്പെടുത്താവുന്ന ഡിജിറ്റൽ വേദിയാണ് ദുബായ് പൾസ്. ദുബായിയെക്കുറിച്ചുള്ള സമഗ്ര വിവരങ്ങൾ ക്രോഡീകരിച്ച് സിറ്റി ഡാറ്റ ഡിജിറ്റൽ ഐഡൻറിറ്റി എന്നിവ രൂപീകരിച്ചു സമഗ്ര വിവരങ്ങൾ ഉപയോക്താക്കൾക്ക് ലഭ്യമാക്കും.

യുഎഇ പാസ്

സ്മാർട്ട് ദുബായ്പദ്ധതിയുടെ ഏറ്റവും ആകർഷണീയമായ ഒരു സേവനമാണ് യുഎഇ പാസ്. ദേശീയ ഡിജിറ്റൽ ഐഡൻറിറ്റി ആയി ഉപയോഗിക്കാൻ പറ്റുന്ന ഒരു ആപ്ലിക്കേഷനാണിത്.യുഎഇ ദേശീയ ഗവൺമെൻറിൻറെ യും ഫെഡറൽ അതോറിറ്റിയുടെയും സേവനങ്ങൾ നൽകുന്ന വിവിധയിനം ആപ്ലിക്കേഷനുകൾ ഒരുമിച്ച് ഒരു കുടക്കീഴിൽ പ്രവർത്തിക്കുന്ന ആപ്പാണ് യു എ ഇ പാസ്. വിവിധ പാസ്‌വേഡുകളും യൂസർ നെയിമുകളും ഓർമിച്ച് വെച്ച് കൈകാര്യം ചെയ്യുന്നതിൽ നിന്നും ഉപയോക്താക്കൾക്ക് മോചനം നൽകി, ഏറ്റവും എളുപ്പത്തിലുള്ള സേവനം ഉറപ്പു വരുത്തുകയാണ് സ്മാർട്ട് ദുബായ്. നിയമപരമായി ഇടപാടുകൾ പൂർത്തീകരിക്കാൻ ആവശ്യമായ ഡിജിറ്റൽ സിഗ്നേച്ചർ ഉള്ളടക്കമുള്ള സൗകര്യങ്ങ്ങൾ യു എ ഇ പാസിൽ അടുത്ത് തന്നെ പ്രാബല്യത്തിൽ വരുന്നതാണ്.

ഹാപ്പിനസ് മീറ്റർ

ദുബായ് നഗരം പൊതുജനങ്ങൾക്ക് നൽകുന്ന സൗകര്യങ്ങൾ എത്രമാത്രം വികാരപരമായി ജനങ്ങൾ ഉൾക്കൊണ്ടു എന്നത് മനസ്സിലാക്കുക എന്ന ഉദ്ദേശത്തോടുകൂടി സ്മാർട്ട് ദുബായ് ഒരുക്കിയ പദ്ധതിയാണ് ഹാപ്പിനസ് മീറ്റർ. വിവിധ വകുപ്പുകളിലെ സേവനങ്ങളും പ്രവൃത്തികളും പൊതുജനങ്ങൾക്ക് എത്രമാത്രം ഉപകാരപ്പെടുന്ന എന്നും അവരെ അതെത്രമാത്രം തൃപ്തരാക്കുന്നു എന്നും അളക്കുന്നതിനുള്ള മാനദണ്ഡമാണ് വിവിധ സ്ഥലങ്ങളിൽ സ്ഥാപിക്കപ്പെട്ടിരിക്കുന്ന ഹാപ്പിനസ് മീറ്ററുകൾ.

സംതൃപ്തരായ ഉപഭോക്താക്കളുടെ എണ്ണം മനസ്സിലാക്കുന്നതിനും ഗവൺമെൻറ് വകുപ്പുകൾക്കും സ്വകാര്യ കമ്പനികൾക്കും തങ്ങളുടെ സേവനം എത്രമാത്രം ദുബായിലെ പൊതുജനങ്ങളെ സ്വാധീനിക്കുന്നുവെന്നു മനസ്സിലാക്കുവാനും ഇത് സഹായിക്കും. പൊതു സ്വകാര്യ സ്ഥാപനങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് ഇങ്ങനെയൊരു സംരംഭം ലോകത്തിൽ തന്നെ ആദ്യമായാണ് ദുബായിൽ പരീക്ഷിക്കുന്നത്. നൽകുന്ന വിവരങ്ങൾ ആരുടേതാണെന്ന് വ്യക്തമാകാത്തതിനാൽ തന്നെ ഹാപ്പിനസ് സർവേയിൽ പങ്കെടുക്കുന്നതിൽ ഉപഭോക്താക്കളും കൂടുതൽ സഹകരിക്കുന്നു. സാറ്റിസ്ഫൈഡ് ,ന്യൂട്രൽ, ഡിസാറ്റിസ്ഫൈഡ് എന്നീ വിഭാഗങ്ങളിലായി ഉപഭോക്താക്കൾക്ക് പ്രതികരിക്കാം. ഹാപ്പിനസ് മീറ്ററുകളിൽ നിന്നും ക്രോഡീകരിക്കുന്ന വിവരങ്ങൾ പൊതു ജനങ്ങളെ അറിയിക്കുകയും അതുവഴി വിവിധ പൊതു-സ്വകാര്യ വകുപ്പുകളിലെ സേവനങ്ങൾ കൂടുതൽ പുരോഗതിയിൽ രാജ്യത്തിന് സമർപ്പിക്കപ്പെടാനും സ്മാർട്ട് ദുബായ് അവസരമൊരുക്കുന്നു.

സ്മാർട്ട് എംപ്ലോയി ആപ്പ്

മാനേജർമാർക്കും മറ്റു മേഖലകളിൽ തൊഴിൽ ചെയ്യുന്നവർക്കും അവരുടെ ജോലികളും കടമകളും തടസ്സങ്ങളില്ലാതെ ഏറ്റവും എളുപ്പത്തിൽ നിർവഹിക്കുവാൻ സഹായിക്കുന്ന ഒരു ആപ്ലിക്കേഷനാണ് സ്മാർട്ട് എംപ്ലോയി ആപ്പ്. ചെയ്തുതീർക്കാനുള്ള ജോലികളും സമർപ്പിക്കപ്പെട്ട അപേക്ഷകളെ കുറിച്ചുള്ള വിവരങ്ങളും, ജോലി ചെയ്യുന്ന സ്ഥാപനങ്ങൾ കുറിച്ചുള്ള വിവരങ്ങളും അടക്കം ഓരോ തൊഴിലാളിക്കും സുതാര്യമായ രീതിയിൽ 100% ആത്മാർത്ഥമായി ജോലി ചെയ്യുവാനാവശ്യമായ എല്ലാവിധ സഹകരണവും ഈ ആപ്പ് നൽകുന്നു.

ദുബായ് കരിയേർസ്

സ്മാർട്ട് ദുബായ് പദ്ധതിപ്രകാരം രൂപകൽപ്പന ചെയ്ത മറ്റൊരു ആകർഷണീയമായ ആപ്ലിക്കേഷനാണ് ദുബായ് കരിയേർസ്. ജോലി ആവശ്യാർത്ഥം ദുബായിൽ എത്തുന്നവർക്ക് ഏറ്റവും സഹായകരമായ ഒരു ജോബ് പോർട്ടൽ ആണിത്. ദുബായ് ഗവൺമെൻറ് മേഖലകളിൽ ഒരു ജോലി എന്നുള്ളത് നിങ്ങളുടെ സ്വപ്നമാണെങ്കിൽ തീർച്ചയായും നിങ്ങൾ ഡൗൺലോഡ് ചെയ്യേണ്ട ഒരു ആപ്ലിക്കേഷനാണ് ദുബായ് കരിയേർസ്. വിവിധ ഗവൺമെൻറ് സ്ഥാപനങ്ങളിൽ വരുന്ന ഒഴിവുകൾ, യോഗ്യതകൾ എന്നിവ വളരെ കൃത്യമായി പ്രതിപാദിച്ചിരിക്കുന്നതിനാൽ തൊഴിൽ അന്വേഷകർക്ക് രജിസ്റ്റർ ചെയ്തതിനു ശേഷം വിവിധ തസ്തികകളിലേക്കുള്ള അപേക്ഷകൾ നൽകിത്തുടങ്ങാം. ദുബായ് ഗവൺമെൻറ് മേഖലകളിലേക്കുള്ള തൊഴിൽ അപേക്ഷകൾ ഏറ്റവും സമർഥമായി കൈകാര്യം ചെയ്യുന്നതിന് വേണ്ടിയാണ് ദുബായ് കരിയേഴ്സ് രൂപകൽപന ചെയ്തിട്ടുള്ളത്.

പ്രത്യേകതകൾ

*രജിസ്റ്റർ ചെയ്യുന്ന പ്രൊഫൈലുകൾ വച്ച് തന്നെ വിവിധ കമ്പനികളുടെ തസ്തികകളിലേക്ക് അപേക്ഷിക്കാം.

*പ്രൊഫൈൽ, റെസ്യൂമേ അപ്‌ലോഡ് ചെയ്യുവാനുള്ള സൗകര്യം.
*പുതിയ ഒഴിവുകൾ നോട്ടിഫിക്കേഷൻസ് വഴി അറിയാനുള്ള സൗകര്യം.
*സ്മാർട്ട് ഡിവൈസുകൾ ഉപയോഗിച്ചുള്ള വീഡിയോ ഇൻറർവ്യൂ സൗകര്യങ്ങൾ

Source
https://www.smartdubai.ae/

LEAVE A REPLY

Please enter your comment!
Please enter your name here