ജാൻവി ഇവിടെയുണ്ട് , ഇനി ക്രിക്കറ്റിലെ ചെറിയ വലിയകാര്യങ്ങൾ 

യുഎഇ ദേശീയ വനിതാ ക്രിക്കറ്റ് ടീമിൻറെ മുൻ ക്യാപ്റ്റനായ കുമാരി ജാവിയുമായുള്ള അഭിമുഖത്തിൽ നിന്നും:

* യുഎഇയിൽ വനിതാ ക്രിക്കറ്റിന്റെ  ഭാവിയെ എങ്ങനെ നോക്കിക്കാണുന്നു..?

വളർന്നുവരുന്ന തലമുറയിൽ ധാരാളംപേർ  വനിതാ ക്രിക്കറ്റിനോട് താൽപര്യം കാണിച്ച് മുന്നോട്ടു വരുന്നുണ്ട്. ക്രിക്കറ്റ് രംഗം സ്ത്രീകൾക്ക്  അന്യമല്ല എന്ന് തെളിയിച്ചു കൊണ്ടാണ് ഓരോ ചുവടും മുന്നോട്ട് കാണുന്നത്. എങ്കിലും വനിതാ ക്രിക്കറ്റിനെ ജനകീയമാക്കാൻ ഇനിയും ഒരുപാട് അവസരങ്ങളും സാഹചര്യങ്ങളും ഉയർന്നു വരേണ്ടതുണ്ട്. നമ്മുടെ രാജ്യത്തിലെ കാലാവസ്ഥയിലുള്ള വ്യതിയാനങ്ങൾ വനിതാ ക്രിക്കറ്റ് പരിശീലനത്തിന് തടസം നിൽക്കുന്ന ഒന്നാണ്. വർഷത്തിൽ കൂടുതൽ ദിവസവും ചൂട് അനുഭവപ്പെടുന്ന ഗ്രൗണ്ടുകളിൽ നല്ല രീതിയിൽ പരിശീലനം നടത്തുക എന്നുള്ളത് വനിതകൾക്ക് ഏറെ വെല്ലുവിളി ഉയർത്തുന്നതാണ്.

*ബന്ധപ്പെട്ട അധികാരികളിൽ നിന്നുമുളള പിന്തുണ?

തീർച്ചയായും.  എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡിന്റെ സഹകരണവും പിന്തുണയും ഏറെ അഭിനന്ദനീയമായ ഒന്നാണ്. വനിതാ ക്രിക്കറ്റിന് വേണ്ട സൗകര്യങ്ങളും സാഹചര്യങ്ങളും ഒരുക്കി തരുന്നതിൽ അവർ പരമാവധി സഹകരണം നൽകുന്നുണ്ട്.

*വനിതാ ക്രിക്കറ്റ് വനിതകൾക്ക് ഒരു കരിയർ ആയി തിരഞ്ഞെടുക്കാൻ പറ്റുന്ന മേഖലയാണോ?

തീർച്ചയായും. ക്രിക്കറ്റിലൂടെ ഒരു കരിയർ പടുത്തുയർത്തുക എന്നുള്ളത് വനിതകൾക്ക് സാധ്യമല്ലാത്ത ഒന്നല്ല. പക്ഷേ ഈ രംഗത്തുള്ള വെല്ലുവിളി – ഭൂരിഭാഗം വനിതകളും ഒരു പ്രത്യേക പ്രായം കഴിഞ്ഞാൽ  ജീവിത സാഹചര്യങ്ങൾ കൊണ്ട് മറ്റ് പല വഴികളിലേക്ക് മാറിപ്പോകുന്നു എന്നുള്ളതാണ്. ദൗർഭാഗ്യകരം ആയിട്ടുള്ള കാര്യമാണ് അത്.എങ്കിലും വനിതകൾക്ക് ക്രിക്കറ്റ് ജോലിയായി തെരഞ്ഞെടുക്കുന്നതിൽ തെല്ലും ചിന്തിക്കേണ്ട ആവശ്യമില്ല എന്നുള്ളതാണ് എൻറെ അഭിപ്രായം കാരണം താൽപര്യമുള്ളവർക്ക് സ്വന്തം ഭാവിയെ തിരുത്തി എഴുതാൻ പറ്റിയ മനോഹരമായ ഒരു മേഖല തന്നെയാണ് ക്രിക്കറ്റ്.

* മുൻ വനിതാ ദേശീയ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ- ഇപ്പോൾ എന്തു ചെയ്യുന്നു?

ക്രിക്കറ്റിൽ നിന്നും വിട വാങ്ങിയ ശേഷം ക്രിക്കറ്റ് പരിശീലന ക്ലാസുകളും കമന്ററിയുമൊക്കെയായി മുന്നോട്ടു പോകുന്നു.

*എങ്ങനെയാണ് ഒഴിവു സമയം ചെലവഴിക്കുന്നത്?

സത്യം പറഞ്ഞാൽ, അങ്ങനെ ഒന്നില്ല എന്നു വേണം പറയാൻ. സ്പോർട്സ് മാനേജ്മെൻറിൽ ഗവേഷണം നടത്തുകയാണ് ഞാനിപ്പോൾ.അതോടൊപ്പം തന്നെ ക്രിക്കറ്റിലേക്കുള്ള അനുഭവങ്ങളും പാഠങ്ങളും മറ്റുള്ളവർക്ക് പങ്കുവെക്കാനും, വേണ്ട രീതിയിൽ വളർന്നു വരുന്ന തലമുറയ്ക്ക് പരിശീലനം നൽകാനും സമയം കണ്ടെത്തുന്നു. ക്രിക്കറ്റിനോടുള്ള സ്നേഹവും മമതയും കാരണം എനിക്ക് ഈ രംഗം വിട്ടു പോവാൻ ഒരിക്കലും തോന്നാറില്ല .വളർന്നു വരുന്ന തലമുറയ്ക്ക് ക്രിക്കറ്റിന്റെ പാഠങ്ങൾ പറഞ്ഞു കൊടുക്കുന്നതും ഏറെ അഭിമാനകരമായ കാര്യമായിട്ട് തന്നെയാണ് എനിക്ക് തോന്നുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here