PRO അസോസിയേഷൻ പ്രസിഡൻറ് ശ്രീ സലീമുമായുള്ള അഭിമുഖത്തിൽ നിന്നും

0
101

രണ്ടു പതിറ്റാണ്ടോളമായി തുടരുന്ന ബിസിനസ് സേവന രംഗത്തെ പകരംവെക്കാനില്ലാത്ത സർവീസ-് ചെറുതും വലുതുമായ ധാരാളം ബിസിനസ് സംരംഭങ്ങളെ ദുബായിലെ മണ്ണിൽ ഉറപ്പിക്കുന്നതിൽ പങ്കു വഹിച്ച മലയാളി-  PRO അസോസിയേഷൻ പ്രസിഡൻറ് ശ്രീ സലീമുമായുള്ള അഭിമുഖത്തിൽ നിന്നും:

*ദുബായിൽ ബിസിനസ് ചെയ്യാൻ വരുന്നവർ പ്രധാനമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്?

അന്താരാഷ്ട്ര തലത്തിൽ ബിസിനസിന് ഏറ്റവും അനുയോജ്യമായ അന്തരീക്ഷവും സാഹചര്യവും പ്രദാനം ചെയ്യുന്ന ഒരു രാജ്യമാണ് യു.എ.ഇ. ബിസിനസ് എന്നൊരു സ്വപ്നവുമായി ഈ മണ്ണിൽ എത്തുന്ന ഏതൊരാളും ആദ്യം അറിഞ്ഞിരിക്കേണ്ടത്, ഏത് മേഖലയിലാണ് ഞാൻ ബിസിനസ് തുടങ്ങേണ്ടത് എന്നുള്ളതാണ്. ആഴത്തിലുള്ള പഠനവും സാഹചര്യങ്ങളെക്കുറിച്ചുള്ള വിലയിരുത്തലുകളും എല്ലാം നല്ല ഒരു തീരുമാനം എടുക്കാൻ സഹായിക്കും.

*ഏത് ബിസിനസ് തുടങ്ങുമ്പോഴും അതിൻറെ ആദ്യപടിയാണ് ലൈസൻസിംഗ് .ദുബായിൽ ലഭ്യമായിട്ടുള്ള ബിസിനസ് ലൈസൻസുകളെകുറിച്ച് ഒന്ന് വിശദീകരിക്കാമോ?

എല്ലാത്തരം ബിസിനസുകാർക്കും അവസരം നൽകുന്ന മണ്ണാണ് ദുബായ്. ഫ്രീ സോൺ, പാർട്ണർഷിപ്പ്,LLC  മുതലായ ലൈസൻസിൽ ഇവിടെ ബിസിനസ് രജിസ്റ്റർ ചെയ്യാം. 100 ശതമാനം നിക്ഷേപം ഉറപ്പുവരുത്തുന്ന ലൈസൻസ് ആണ് ഫ്രീസോൺ നൽകുന്നത്. പക്ഷേ ഇത്തരം ലൈസൻസുകൾ വെച്ച് മെയിൻലാൻഡ് ബിസിനസ് ചെയ്യൽ അനുവദനീയമല്ല. വലിയ മുതൽ മുടക്കിൽ കയറ്റുമതിയും ഇറക്കുമതിയും ഒക്കെ ചെയ്യാൻ ഉദ്ദേശിക്കുന്നവർക്ക് ഫ്രീസോൺ ലൈസൻസ് ഏറെ ഉപകാരപ്രദം തന്നെ. ദുബായിൽ പലതരത്തിലുള്ള ബിസിനസുകൾ ചെയ്യാനാണ് ആഗ്രഹിക്കുന്നത് എങ്കിൽ ജനറൽ ട്രേഡിങ് ലൈസൻസും, പ്രത്യേകം ബിസിനസാണെൻകിൽ അതിനനുസരിച്ചും  ലൈസൻസ് ലഭ്യമാണ്.
സ്വദേശിയായ ഒരു സ്പോൺസറുടെ കീഴിൽ വേണം ഇത്തരം ലൈസൻസുകൾ ലഭ്യമാക്കാൻ. 51:49 എന്നാണ്  സ്വദേശി വിദേശി നിക്ഷേപ അനുപാതം. 51% സ്വദേശിയായ സ്പോൺസറുടെ പേരിലും 49% ബിസിനസിൽ മുതൽ മുടക്കുന്നവരുടെ പേരിലും ആയിരിക്കും. ലൈസൻസുകളുടെ പ്രത്യേകത എന്തെന്നുവെച്ചാൽ 51% സ്പോൺസറുടെ പേരിലാണെങ്കിലും മുന്നോട്ടുകൊണ്ടുപോകാനുള്ള സർവ്വ അധികാരവും 49 ശതമാനം മുതൽ മുടക്കിൽ മാനേജിംഗ് ഡയറക്ടർമാരായി നിൽക്കുന്ന വിദേശികൾക്ക് നൽകാൻ ഇത്തരം ബിസിനസുകൾ സൗകര്യമൊരുക്കുന്നു എന്നുള്ളതാണ് മറ്റൊരു പ്രത്യേകത. പ്രവാസികളെ സംബന്ധിച്ചിടത്തോളം തുടങ്ങാൻ ഏറ്റവും നല്ലത് മെയിൻ ലാൻഡ് ലൈസൻസ് തന്നെയാണ്.

* പുതിയ ലൈസൻസ് രീതികൾ?

ഇപ്പോൾ ഇൻസ്റ്റൻറ് ലൈസൻസുകൾ, ചെറിയ മുതൽ മുടക്കിൽ പോലും ലൈസൻസുകൾ എന്നീ സംരംഭങ്ങൾ ദുബായ് ഗവൺമെൻറ് വളർന്നു വരുന്ന ബിസിനസുകാർക്ക് ഒരുക്കിയിരിക്കുന്നു. നമ്മുടെ ബിസിനസ് എന്താണോ അതിനനുസരിച്ചുള്ള ലൈസൻസിന് വേണം അപേക്ഷിക്കാൻ. സാധാരണ രീതിയിലുള്ള ബിസിനസുകൾ നടത്താൻ ആണെങ്കിൽ പ്രൊഫഷണൽ ലൈസന്സുകൾക്ക് അപേക്ഷിക്കാം. ജനറൽ ട്രേഡിങ് ലൈസൻസുകളാണ് എടുക്കുന്നതെൻകിൽ ഏതുതരത്തിലുള്ള വ്യാപാരവും നമുക്ക് ഇവിടെ ചെയ്യാൻ സാധിക്കും.

*ലൈസൻസുമായി ബന്ധപ്പെട്ട ചിലവുകൾ-  വിശദീകരിക്കാമോ?

ജനറൽ ട്രേഡിംഗ് ലൈസൻസാണ്
എടുക്കുന്നതെങ്കിൽ ഏകദേശം 30,000 ദിർഹം. സാധാരണ ഏതെങ്കിലും ഒരു പ്രത്യേക ലൈസൻസ് എടുക്കണമെങ്കിൽ 13 മുതൽ 15000 ദിർഹവുമാണ് ചിലവ് വരിക. ലൈസൻസിന് മാത്രം വരുന്ന തുകയാണിത്. ഇതുകൂടാതെ സ്പോൺസറുടെ ചാർജ്, ഓഫീസ് വാടക, ഇമിഗ്രേഷൻ കാർഡ്, ലേബർ കാർഡ് തുടങ്ങിയ ചെലവുകൾ വേറെയും .

*ബിസിനസ് സെൻററുകൾ കൊണ്ടുള്ള ഗുണങ്ങൾ എന്തൊക്കെയാണ് ?

ചെറിയ ചുറ്റുപാടിൽ ഒരു ബിസിനസ് തുടങ്ങി മുന്നോട്ടു കൊണ്ടുപോകണമെങ്കിൽ ഏറ്റവും മികച്ച വഴി എന്ന് പറയുന്നത് ബിസിനസ് സെൻററുകളെ സമീപിക്കുകയാണ്. സാധാരണഗതിയിൽ ഒരു ബിസിനസിന് വേണ്ട ലൈസൻസ് തയ്യാറായിക്കഴിഞ്ഞാൽ ഓഫീസ്,ദേവാ ഡെപ്പോസിറ്റ് പിന്നെ മറ്റു പല ചിലവുകളും ഒക്കെയായി ഏകദേശം 70,000 ദിർഹമെങ്കിലും ചെലവ് വരും. അത്രയും മുതൽമുടക്ക് സാധ്യമല്ലാത്തവർക്കും തുടക്കത്തിൽ തന്നെ വലിയ വെല്ലുവിളികൾ ഏറ്റെടുക്കാൻ തയ്യാറല്ലാത്ത വർക്കും ബിസിനസ് സെൻററുകൾ ഏറ്റവും ഗുണകരമാണ്. ഏകദേശം 20,000 ദിർഹം കൊടുത്തു നിങ്ങൾ ആഗ്രഹിക്കുന്ന ഒരു സംരംഭം തുടങ്ങാൻ സാധിക്കും. ഇത്തരക്കാർക്ക് ബാങ്ക് അക്കൗണ്ട്,ഓഫീസ് സൗകര്യങ്ങളൊക്കെ തുടക്കത്തിൽതന്നെ ലഭ്യമാകുകയും ചെയ്യുന്നു.

*ദുബായിൽ പൊതുവേ ബിസിനസുകൾക്ക് വളർച്ച കുറവാണ്.2020 എക്സ്പോ വന്നാൽ മാത്രമേ വളർച്ച കൈവരിക്കുകയുള്ളൂ എന്നൊക്കെ കേൾക്കുന്നു. ഇതിൽ എന്തെങ്കിലും വാസ്തവമുണ്ടോ??

അധ്വാനിക്കുന്നവർക്കും പരാജയങ്ങളിൽ പതറാതെ മുന്നോട്ട് പോകുവാനുള്ള മനോധൈര്യം ഉള്ളവർക്കും ദുബായിൽ നിന്നും വളർച്ച മാത്രമേയുള്ളൂ. പരാജയങ്ങളിൽ പതറാതെ മുന്നോട്ട് പോകുന്നവർക്ക് ആണ് ബിസിനസ് രംഗം വാഴുക.

*20 വർഷത്തിനിടയിൽ ധാരാളം അനുഭവങ്ങൾ ഉണ്ടായിരിക്കും. അനുഭവസമ്പത്തിന്റെ വെളിച്ചത്തിൽ, ദുബായിൽ ബിസിനസ് തുടങ്ങാൻ ആഗ്രഹിക്കുന്നവരോട് എന്താണ് പറയാനുള്ളത്?

ഇറങ്ങുന്നവരൊക്കെ വിജയിക്കുന്ന ഒരു മേഖലയല്ല ബിസിനസ് എന്നാണ് ആദ്യം മനസ്സിലാക്കേണ്ടത്. അന്താരാഷ്ട്രതലത്തിൽ ഏറ്റവും കൂടുതൽ ബിസിനസ് വളർച്ച ഉള്ള ഒരു രാജ്യമാണ് യുഎഇ. ലൈസൻസും വിസയും ഒക്കെ ഒറ്റദിവസംകൊണ്ട് നൽകുന്ന, ബിസിനസിനെ ഏറ്റവുമധികം പ്രോത്സാഹിപ്പിക്കുന്ന ഒരു ഗവൺമെൻറ് ഉള്ള രാജ്യത്ത് വെല്ലുവിളികൾ ഏറ്റെടുത്ത് ബിസിനസ് സംരംഭങ്ങൾ തുടങ്ങിയവർ വിജയം രുചിക്കും. കഴിഞ്ഞ ഇരുപത് വർഷങ്ങളായി ഞാൻ കണ്ട അനുഭവങ്ങളിലേറെയും പൊരുതി വിജയിച്ചവരുടേതാണ്. പരാജയത്തിൽ പതറിപ്പോയത് കൊണ്ട് ജീവിതം തന്നെ നഷ്ടമായവരുടെ അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്.

  • ബിസിനസിന് ഏറ്റവും അനുയോജ്യമായ മണ്ണാണ് യുഎഇയുടെ എന്ന് പറയുന്നു. എന്ത് കൊണ്ട്?

പ്രധാനമായും മൂന്നു കാര്യങ്ങൾ കൊണ്ടാണ് യുഎഇ എന്തുകൊണ്ടും ബിസിനസിന് അനുയോജ്യമായ ഒരു നാടാണ് എന്ന് ഞാൻ പറയുന്നത്. ഇറക്കുന്ന മുതൽമുടക്കിന് ഏറ്റവും വലിയ സുരക്ഷിതത്വവും ഗവൺമെൻറ് പിന്തുണയും ലഭിക്കുന്നു എന്നുള്ളതാണ് ആദ്യത്തെ കാര്യം. യാതൊരു വിധത്തിലുള്ള രാഷ്ട്രീയ ഇടപെടലുകളും നമ്മുടെ ബിസിനസിനെ ബാധിക്കില്ല എന്നുള്ളത് മറ്റൊന്ന്. എല്ലാത്തരം ആളുകളെയും പ്രോത്സാഹിപ്പിക്കുന്ന ഏറ്റവും നല്ല അന്തരീക്ഷമാണ് ഇവിടെയുള്ളത് എന്നുള്ളതാണ് മൂന്നാമത്തെ കാര്യം.

  • ബിസിനസ് രംഗത്തേക്ക് കടന്നു വരുന്ന പുതു തലമുറയോടുള്ള സന്ദേശമെന്താണ്?

വിജയ പരാജയങ്ങളുടെ സമ്മിശ്രമാണ് ജീവിതം. ഔദ്യോഗികമോ വ്യക്തിപരമോ ആയ പരാജയങ്ങളിൽ പതറാതെ സുനിശ്ചിതമായ വിജയം നേടാൻ ഉള്ള ദൃഢനിശ്ചയം
ഏതു മനുഷ്യനെയും മുന്നോട്ടു കൊണ്ടുപോകും. സത്യസന്ധമായ നിലപാടുകളോടുകൂടി അവസരങ്ങളെ പരമാവധി ഉപയോഗപ്പെടുത്തി പെടുത്തിയാൽ, സാധ്യമല്ലാത്ത ഒന്നും ഇവിടെയില്ല.

LEAVE A REPLY

Please enter your comment!
Please enter your name here