തലശ്ശേരിക്കാർ ചില്ലറക്കാരല്ല !!! സ്യുട്ട് രാജാവിനൊപ്പം അൽപനേരം

0
71

സ്വപ്നങ്ങൾക്കിപ്പുറം കൈയിലൊതുങ്ങുന്ന കാര്യങ്ങൾ വച്ച് കഠിനാധ്വാനം ചെയ്താൽ എന്തും നേടിയെടുക്കാമെന്ന് സാക്ഷ്യപ്പെടുത്തുകയാണ്  മലബാറിൽ നിന്നും ദുബായിലെത്തി ടെക്സ്റ്റൈൽ ബിസിനസിൽ വിജയഗാഥ തീർത്ത ഫസലു.

ദുബായിലെ പ്രശസ്തമായ ലെവിയോ എന്ന സംരംഭത്തിലൂടെ പോൾ ജെറി എന്ന ടെക്സ്റ്റൈൽ ബ്രാൻഡ് മാർക്കറ്റിൽ ഏറെ ജനപ്രീതി നേടിയത് ഈ തലശ്ശേരിക്കാരന്റെ മികവൊന്നു കൊണ്ടു മാത്രം തന്നെ. അദ്ദേഹവുമായി ദുബായ് മലയാളി ഡോട്ട് കോം നടത്തിയ അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങൾ:

*എത്ര വർഷമായി ദുബായിൽ?

ഇവിടെ എത്തിയിട്ട് 22 വർഷം ആകുന്നു. ടെക്സ്റ്റൈൽ ബിസിനസ് തുടങ്ങിയിട്ട് പത്തു വർഷം കഴിഞ്ഞു.


*എന്തൊക്കെയാണ് താങ്കൾ ദുബായ് മാർക്കറ്റിൽ  നൽകുന്നത്?

പ്രധാനമായും സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടിയുള്ള ടെക്സ്റ്റൈൽ ഇനങ്ങളും ഫൂട്ട്  വെയറുകളും ആണ് ലെവിയോ എന്ന ടെക്സ്റ്റൈൽ ഔട്ലെറ്റുകളിലൂടെ ദുബായ് മാർക്കറ്റിൽ ഇറക്കുന്നത്. ഇവയിൽ ഏറ്റവും പ്രധാനപ്പെട്ടത് സ്യൂട്ടുകളും പാർട്ടിവെയറുകളും ആണ്.

* എത്ര ഷോറൂമുകൾ ഉണ്ട്?

യു.എ.ഇ യുടെ വിവിധ ഭാഗങ്ങളിലായി 12 ഷോറൂമുകൾ പ്രവർത്തിക്കുന്നുണ്ട്.

* എവിടെ നിന്നാണ് നിങ്ങളുടെ തുണിത്തരങ്ങളും മറ്റു അവശ്യ വസ്തുക്കളും വരുന്നത്?

ഞങ്ങൾ ഉപയോഗിക്കുന്ന 90% വസ്തുക്കളും തുർക്കിയിൽ നിന്നും ഇറക്കുമതി ചെയ്യുന്നവയാണ്.

*എന്തുകൊണ്ടാണ് കൂടുതൽ  ശ്രദ്ധ സ്യൂട്ടുകളിലേക്ക്  തിരിച്ചു വിട്ടത്?

ദുബായിലെ ബിസിനസ് രംഗങ്ങളുടെ വളർച്ച മനസ്സിലാക്കിയപ്പോൾ സ്യൂട്ടിനുള്ള സാധ്യതയും  ആവശ്യകതയും വളരെ ഏറെയാണെന്ന തിരിച്ചറിവു ലഭിക്കാനിടയാക്കി. അത് കാരണമായി ബിസിനസ് ഒന്നും കൂടി വിപുലീകരിക്കപ്പെടുകയും ചെയ്തു.

*ദുബായ് മാർക്കറ്റിനെ ക്കുറിച്ചുള്ള നിങ്ങളുടെ അനുഭവം എങ്ങനെ?

ഏറ്റവും കൂടുതൽ അവസരങ്ങൾ ഉള്ള വളരെ പോസിറ്റീവായ ഒരു മാർക്കറ്റാണ് ദുബായിലേത്. ഒരുപാട് തവണ സാമ്പത്തിക ഞെരുക്കം രാജ്യത്ത് അനുഭവപ്പെട്ടെങ്കിലും ഞങ്ങളെ സംബന്ധിച്ചിടത്തോളം അതൊക്കെ കൂടുതൽ വളരാനുള്ള അവസരങ്ങൾ  ആയിട്ടാണ് അനുഭവപ്പെട്ടത്.

* ബിസിനസിൽ എന്തെങ്കിലും വലിയ തിരിച്ചടികൾ നേരിടേണ്ടി വന്നിട്ടുണ്ടോ?

അൽഹംദുലില്ലാഹ്.  ഇതുവരെയില്ല. ബിസിനസിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കുന്നത് കൊണ്ടും ആത്മാർത്ഥമായി കഠിനാധ്വാനം ചെയ്യുന്നതു കൊണ്ടുമാണെന്നു തോന്നുന്നു, ഇതുവരെ വലിയ പ്രയാസങ്ങളിലൊന്നും അകപ്പെട്ടിട്ടില്ല.

* എന്താണ് ബിസിനസിലെ വിജയരഹസ്യം?
കഠിനാധ്വാനം ചെയ്യാനുള്ള മനസ്സും ബിസിനസ്സിന് വേണ്ടി കൂടുതൽ സമയം ചെലവഴിക്കാനുള്ള കഴിവും, പിന്നെ ബിസിനസുമായി ബന്ധപ്പെട്ട ഏതുകാര്യം ചെയ്യുമ്പോഴും വളരെ ആഴത്തിൽ പഠിക്കുന്നതും ഒക്കെയാവാം വിജയരഹസ്യം.

* എക്സ്പോ 20-20യുമായി  ബിസിനസിനെ എങ്ങനെ ബന്ധപ്പെടുത്തുന്നു?

ടെക്സ്റ്റൈൽ ബിസിനസ് രംഗത്ത് വലിയ സാധ്യതകൾ  നൽകുവാൻ എക്സ്പോ 20-20 ക്ക് ആവും എന്നാണ് എൻറെ പ്രതീക്ഷ. ഇതിനെ കുറിച്ച് പഠിക്കാൻ ഒരു നല്ല ടീമിനെ ഞാൻ ഏർപ്പാടാക്കിയിട്ടുണ്ട്. തീർച്ചയായും ഒരുപാട് പ്രതീക്ഷകൾ ഉള്ള ഒരു സ്വപ്ന പദ്ധതി തന്നെയാണിത്.

*ഡിജിറ്റൽ മാർക്കറ്റിങ് സാധ്യതകൾ പ്രയോജനപ്പെടുത്തുവാൻ ഉദ്ദേശിക്കുന്നുണ്ടോ?

തീർച്ചയായും. ഡിജിറ്റൽ മാർക്കറ്റിങ്ങിന്റെ എല്ലാ സാധ്യതകളും ഏറ്റവും കൂടുതൽ ഞങ്ങൾക്ക് വേണ്ട സമയമാണിപ്പോൾ എന്നാണ് വിശ്വാസം. മാർക്കറ്റിംഗ് രംഗത്ത് ഞങ്ങൾക്ക് എത്തിപ്പെടാൻ പറ്റാത്ത മേഖലകളിലും സ്ഥലങ്ങളിലും ഡിജിറ്റൽ മാർക്കറ്റിംഗ് വഴി ബിസിനസിനെ വ്യാപിപ്പിക്കാൻ
സാധ്യമാകും എന്നുള്ള വിശ്വാസം ഞങ്ങൾക്കുണ്ട്.

* ഇത്രയും കാലത്തെ ബിസിനസ് അനുഭവത്തിൽ നിന്നും പുതുതലമുറയ്ക്ക് നൽകാനുള്ള സന്ദേശം എന്താണ്?

മൊബൈലിലോ മറ്റും നോക്കി സമയം കളയാതെ പുറത്തിറങ്ങി അവസരങ്ങൾ തേടുക എന്നതാണ് എനിക്ക് പറയാനുള്ളത്. കഠിനമായി അധ്വാനിക്കാനുള്ള മനസ്സും ചങ്കുറപ്പും ഉണ്ടെങ്കിൽ നേടാൻ പറ്റാത്തതായി ഒന്നും തന്നെ ഇവിടെയില്ല.

*ബിസിനസിൽ താൽക്കാലികമായി ബുദ്ധിമുട്ടുകൾ നേരിടുന്നവരോട് അല്ലെങ്കിൽ ബിസിനസ്സിൽ പരാജയം മുന്നിൽ കാണുന്നവരോടുള്ള ഉപദേശം എന്താണ്?

കാലത്തിനനുസരിച്ചുള്ള മാറ്റങ്ങൾ നമ്മുടെ ബിസിനസിന് വരുത്തുന്നത് വഴിയും ദീർഘവീക്ഷണത്തോടു കൂടി ബിസിനസ്സ് കൈകാര്യം ചെയ്യുന്നത് വഴിയും പരാജയങ്ങളിൽ നിന്നും തലയൂരാൻ സഹായിക്കും.
കൂടാതെ മാർക്കറ്റിൽ ഉപഭോക്താക്കളുടെ ഇടയിൽ വരുന്ന മാറ്റങ്ങൾ പഠിക്കുവാനും മനസ്സിലാക്കുവാനും ഉള്ള തയ്യാറെടുപ്പും നടത്തുക.
ഇല്ലെങ്കിൽ ബിസിനസ് പൂർണ പരാജയമായി മാറുമെന്നതിൽ സംശയമില്ല.

LEAVE A REPLY

Please enter your comment!
Please enter your name here