ആശയവിനിമയം ! സിംപിളാക്കാം പവർഫുളും.

0
82

എങ്ങനെ ഒരു നല്ല ആശയവിനിമയം നടത്താം?

ദൈനംദിനജീവിതത്തിൽ ആശയവിനിമയത്തിന്റെ പ്രാധാന്യം ഏറെ വലുതാണ്. വ്യക്തിജീവിതത്തിലോ സാമൂഹ്യജീവിതത്തിലോ ബിസിനസിലോ ആവട്ടെ, ഏതുതരത്തിലുള്ള ആശയവിനിമയത്തിലും നമ്മൾ ശ്രദ്ധിക്കേണ്ട ഒരുപാട് കാര്യങ്ങളുണ്ട്. പല സന്ദർഭങ്ങളിലും എങ്ങനെ നന്നായി സംസാരിക്കാം എന്ന് നമ്മൾ പലപ്പോഴും മറന്നു പോകാറുണ്ട്. അതുതന്നെയാണ് നമ്മുടെ വ്യക്തിത്വത്തിന് നേരെ ഉയരുന്ന വലിയ വെല്ലുവിളിയും

കമ്മ്യൂണിക്കേഷൻ രണ്ട് ദിശയിലുള്ള പ്രവൃത്തി ആണെന്ന് അംഗീകരിച്ചു കൊണ്ട് തുടങ്ങുന്നത് തന്നെ ആശയവിനിമയത്തിലുള്ള ഏറ്റവും വലിയ തടസ്സം നീക്കിത്തരും. ആശയ വിനിമയത്തിൽ ശ്രദ്ധ പുലർത്തേണ്ട പ്രധാന കാര്യങ്ങൾ.

  1. പരസ്പര ബഹുമാനത്തോടു കൂടി സംഭാഷണം തുടങ്ങുക

സംഭാഷണം നടത്തുന്ന വ്യക്തിയോടും വിഷയത്തോടുമുള്ള ബഹുമാനം കാണിക്കുന്നത് ഏതുതരത്തിലുള്ള ആശയവിനിമയവും വിജയകരമായി പൂർത്തീകരിക്കാൻ സഹായിക്കുന്ന ഒന്നാണ്. നിങ്ങൾ ഏതു തരത്തിലുള്ള വ്യക്തിയും ആവട്ടെ ആശയവിനിമയം നടത്തുമ്പോൾ ആശയം പ്രകടിപ്പിക്കുന്നവനും അതു കേൾക്കുന്നവനും ആയി മാറാൻ ശ്രമിക്കുന്നിടത്ത് മികച്ച കമ്മ്യൂണിക്കേഷൻ ഫ്ലോ കാണാൻ പറ്റും.

2.നല്ല കേൾവിക്കാരനാവുക

ഒരാൾ പറയുന്നത് മറ്റേയാൾ ശ്രദ്ധാപൂർവ്വം കേൾക്കുക എന്നുള്ളതാണ് നല്ല കമ്മ്യൂണിക്കേഷനു വേണ്ട മറ്റൊരു കാര്യം. ശ്രദ്ധയില്ലായ്മ ചൂണ്ടിക്കാണിക്കുന്ന ഭാവങ്ങളും അംഗവിക്ഷേപങ്ങളും നല്ല രീതിയിൽ ആശയവിനിമയം പൂർത്തീകരിക്കാൻ ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നാണ്.പറയുന്ന കാര്യം മുഴുവൻ ശ്രദ്ധാപൂർവ്വം കേൾക്കുന്നത് അവരിൽ കൂടുതൽ സന്തോഷവും പ്രചോദനം നൽകും എന്നുള്ള കാര്യം മറുവശത്ത് ഇരിക്കുന്നവർ മറക്കരുത്.

3.മുൻധാരണകൾ മാറ്റിവയ്ക്കുക

ഏതൊരു സംഭാഷണത്തിലും മുൻധാരണകൾ പുലർത്തിക്കൊണ്ട് നമ്മൾ കേൾവിക്കാരനായാൽ അത് പൂർണ്ണ വിജയത്തിൽ എത്തുകയില്ല. മറിച്ച് നമ്മുടെ മുൻധാരണകൾ ഒക്കെ മാറ്റിവെച്ച് നല്ല ശ്രദ്ധയോടുകൂടി പറയാനുള്ളതു മുഴുവൻ ഉൾക്കൊള്ളാൻ ശ്രമിച്ചു കഴിഞ്ഞാൽ ചിലപ്പോൾ നമ്മുടെ ധാരണകൾ വരെ മാറ്റിമറിക്കുന്ന അനുഭവങ്ങൾ ആയിരിക്കും ആശയവിനിമയം സമ്മാനിക്കുന്നത്. അതിനാൽ തന്നെ പറയുന്ന വ്യക്തിയെ കുറിച്ചോ പറയപ്പെടാൻ പോകുന്ന വിഷയത്തെ കുറിച്ചോ യാതൊരു വിധത്തിലുള്ള മുൻധാരണകളും വെച്ചുപുലർത്തുന്നത് നല്ലതല്ല.

4.എതിർപ്പുകൾ പ്രകടിപ്പിക്കരുത്

ആശയവിനിമയത്തിനിടയിൽ അഭിപ്രായവ്യത്യാസങ്ങൾ രൂപപ്പെടുന്നത് സാധാരണമാണ്. എങ്കിലും തുറന്നടിച്ച് എതിർപ്പ് പ്രകടിപ്പിക്കുന്നത് നല്ല പ്രവണതയല്ല. ഏതെങ്കിലും തരത്തിലുള്ള വിയോജിപ്പുകൾ അനുഭവപ്പെടുന്നുണ്ടെങ്കിൽ അത് തന്മയത്വത്തോടു കൂടി അവതരിപ്പിക്കാൻ ശ്രമിക്കുകയാണ് വേണ്ടത്. പെട്ടെന്നുള്ള പ്രകോപനത്താലോ ദേഷ്യത്താലോ എതിർപ്പുകൾ പ്രകടിപ്പിക്കുന്നത് ആശയവിനിമയത്തിന്റെ ലക്ഷ്യത്തെ തന്നെ ബാധിച്ചേക്കാം

5. കുറ്റം പറയരുത്
ഏതുതരത്തിലുള്ള കമ്മ്യൂണിക്കേഷനുമാവട്ടെ,
അവയ്ക്കിടയിൽ കടന്നുവരുന്ന വ്യക്തികളെ കുറിച്ചോ വിഷയങ്ങളെക്കുറിച്ചോ അപകീർത്തികരമായ വിധത്തിലോ കുറ്റം പറയുന്ന രീതിയിലോ സംഭാഷണങ്ങൾ തുടരുന്നത് നല്ല പ്രവണത അല്ല.

6.സമ്മറി

ഏതുതരത്തിലുള്ള ആശയവിനിമയങ്ങളും അവസാനിപ്പിക്കുമ്പോൾ,അതുവരെ എന്തൊക്കെയാണ് സംസാരിച്ചത് എന്നുള്ളതിനെ കുറിച്ച് ധാരണ പുലർത്തുന്നത് തുടർന്നുള്ള ആശയവിനിമയങ്ങൾ എളുപ്പത്തിലാക്കും. സംഭാഷണത്തിനിടയിൽ പ്രധാന കാര്യങ്ങളെന്തെങ്കിലും മിസ്സ് ചെയ്തിട്ടുണ്ടെങ്കിൽ അത് വീണ്ടും ഓർമ്മിപ്പിക്കാനും, നോട്ട് ചെയ്യുവാനും മറ്റും ഇത്തരം ശ്രമങ്ങൾ സഹായിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here