ദുബായ് ഡിസ്‌കൗണ്ട് മാർക്കറ്റ് , ഇവിടെല്ലാമുണ്ട്

0
173

ഷോപ്പിംഗിന്റെ പറുദീസയാണ് ദുബായ്. ആഗ്രഹിക്കുന്നതെന്തും കയ്യിൽ ലഭ്യമാകുന്ന വിശാലമായ ദുബായ് മാർക്കറ്റ് കാഴ്ചയുടെയും അനുഭവങ്ങളുടെയും നിരവധി വിസ്മയങ്ങൾ ആണ് ഉപഭോക്താക്കൾക്ക് കാത്തുവെച്ചിരിക്കുന്നത്. ഇവിടെ പ്രായഭേദമന്യേ ഏവരെയും ആകർഷിക്കുന്ന ഒന്നാണ് ഡിസ്കൗണ്ട് മാർക്കറ്റുകൾ. ഡേ ടുഡേ, വൺ ടു ടെൻ, ഗിഫ്റ്റ് വില്ലേജ് തുടങ്ങി നിരവധി ഷോപ്പിങ് സെൻററുകൾ യുഎഇ യുടെ വിവിധ എമിറേറ്റുകളിൽ ഗണ്യമായി കാണാം. സാധാരണ മാർക്കറ്റിൽ നിന്നും ലഭ്യമാകുന്നതിനേക്കാൾ ചെറിയ വിലയിൽ നമുക്ക് വേണ്ടത് എന്തും ലഭിക്കും എന്നുള്ളതാണ് ഇത്തരം കടകളുടെ പ്രത്യേകത.
മലയാളികളടക്കമുള്ള പ്രവാസികൾ മാത്രമല്ല സ്വദേശികളും ഇത്തരം കടകളെ ധാരാളമായി ആശ്രയിക്കുന്നു. ഡിസ്കൗണ്ട് ഷോപ്പുകളിലെ അനുഭവങ്ങൾക്ക് ഒരുപാട് നല്ല വശങ്ങളും അതുപോലെ തന്നെ ദൂഷ്യഫലങ്ങളുമുണ്ട്.
ഗുണങ്ങൾ :

 • വിലക്കുറവ്-
  ചെറിയ വിലയിൽ കൂടുതൽ സാധനങ്ങൾ ലഭ്യമാകുന്നു. ഒന്നോ രണ്ടോ തവണ ഉപയോഗിക്കേണ്ട വസ്തുക്കളൊക്കെ ഇത്തരം ഷോപ്പുകളിൽ നിന്നും വാങ്ങുന്നത് വഴി ബഡ്ജറ്റിൽ കാര്യമായ കോട്ടം വരുത്താതെ മുന്നോട്ടു കൊണ്ടു പോകാൻ സഹായിക്കും.
 • വൈവിധ്യം-
  ഡിസ്കൗണ്ട് മാർക്കറ്റുകൾ കാഴ്ചയുടെ വൈവിധ്യങ്ങൾ സമ്മാനിക്കുന്ന ഒരു അനുഭവമാണ്. ഭക്ഷ്യവസ്തുക്കൾ, സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങൾ, സുഗന്ധ ദ്രവ്യങ്ങൾ, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, കിച്ചൻ വെയറുകൾ, അലങ്കാരവസ്തുക്കൾ, സ്റ്റേഷനറി എന്നു വേണ്ട ആഗ്രഹിക്കുന്നതെന്തും വൈവിധ്യമാർന്ന ശേഖരങ്ങളുമായി നിങ്ങളുടെ മുന്നിലേക്ക് അണിനിരത്തുകയാണ് ഡിസ്കൗണ്ട് മാർക്കറ്റുകൾ.
 • സ്കൂൾ കോളേജ് വിദ്യാർത്ഥികളുടെ പ്രോജക്ടിന് ആവശ്യമായ വസ്തുക്കൾ, ആർട്ട് &ക്രാഫ്റ്റ് മെറ്റീരിയലുകൾ, സ്റ്റേഷണറി എന്നിവ ചെറിയ വിലയിൽ ഇത്തരം കടകളിൽ ലഭ്യമാകുന്നു.
 • വിപുലമായ ഗിഫ്റ്റ് ശേഖരം ഡിസ്കൗണ്ട് ഷോപ്പുകളുടെ മറ്റൊരു ആകർഷണീയത യാണ്. കുട്ടികളുടെ കളിപ്പാട്ടങ്ങൾ, ഫാൻസി ആഭരണങ്ങൾ എന്നിവയും താരതമ്യേന ഗുണനിലവാരത്തിൽ ഇവിടങ്ങളിൽ ലഭ്യമാകുന്നു.
  ദുബായ് സന്ദർശനത്തിന് എത്തുന്നവർക്കും ഇവിടെ താമസിക്കുന്നവർക്കും ചെറിയ വിലയിൽ പ്രിയപ്പെട്ടവരെ സന്തോഷിപ്പിക്കാൻ ഇത്തരം കടകൾ സഹായകരമാകുന്നു. സംഗമങ്ങളും ആഘോഷങ്ങളും നിറയെ നടക്കുന്ന ദുബായിൽ ചെറിയ വിലയിൽ ഗിഫ്റ്റുകൾ ലഭ്യമാകുന്നത് ഏറെ ആശ്വാസം പകരുന്നു.
  *പ്രവാസിയുടെ പെട്ടി- ഡിസ്കൗണ്ട് ഷോപ്പുകൾ സാധാരണക്കാരന്റെ പെട്ടി കൂടിയാണ്. ചെറിയ വരുമാനം കൊണ്ട് മരുപ്പച്ചയിൽ മുത്ത് തേടുന്നവർക്ക് പ്രിയപ്പെട്ടവരുടെ കണ്ണും മനസ്സും നിറക്കാൻ ഏറെ സഹായിക്കുന്ന സുഹൃത്താണ് ഇത്തരം കടകൾ. നൂറോ ഇരുനൂറോ ദിർഹംസ് കൊണ്ട് ഒരു പെട്ടി കെട്ടാൻ ഉള്ളതത്രയും വാങ്ങാൻ ഇത്തരം ഷോപ്പുകൾ സഹായിക്കുന്നു.
  ഡിസ്കൗണ്ട് കടകളിൽ ഷോപ്പിംഗ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങൾ:
 • റീഫണ്ട് പോളിസി– ഡിസ്കൗണ്ട് ഷോപ്പുകൾ ഉപഭോക്താക്കൾക്ക് മെച്ചപ്പെട്ട സേവനങ്ങൾ നൽകുന്നതിൽ ഏറെ പിറകിലാണ്.വാങ്ങുന്ന സാധനങ്ങൾക്ക് ഗ്യാരന്റിയോ റീഫണ്ടിംഗോ മിക്കയിടങ്ങളിലും ലഭ്യമല്ല. ആയതിനാൽ അവശ്യവസ്തുക്കൾ, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ എന്നിവ വാങ്ങുമ്പോൾ കൂടുതൽ ജാഗ്രത പുലർത്തേണ്ടതുണ്ട്.
 • ഗുണനിലവാരം-
  തുച്ഛമായ വിലയിൽ സാധനങ്ങൾ ലഭ്യമാകുമ്പോൾ അവയോരോന്നും പുലർത്തുന്ന ഗുണനിലവാരത്തെ കുറിച്ചും ഉപഭോക്താക്കൾ ബോധവാന്മാർ ആയിരിക്കണം. കുട്ടികൾക്കും മുതിർന്നവർക്കും ഉള്ള ഓരോ വസ്തുക്കളും ആരോഗ്യത്തിന് ഹാനികരമോ അല്ലെങ്കിൽ മറ്റു ദൂഷ്യഫലങ്ങളോ പ്രദാനം ചെയ്യുന്നില്ല എന്ന ഉറപ്പ് ഇത്തരം ഷോപ്പുകളിൽ നിന്നും നമുക്ക് ലഭ്യമല്ല. കാലാവധി അടുക്കാറായ ഭക്ഷ്യവസ്തുക്കളോ തുണിത്തരങ്ങൾ ഒക്കെയോ ആവാം നിങ്ങളെ കാത്ത് വിലക്കുറവിന്റെ മറവിൽ ഒളിഞ്ഞിരിക്കുന്നത്.
  *വിലക്കുറവിന്റെ ഭാരം-
  ഒന്നോ രണ്ടോ ദിർഹം എന്ന് കരുതി കണ്ണിൽ കാണുന്നതൊക്കെയും വാങ്ങി ബിൽ ചെയ്യുമ്പോൾ കണ്ണു തള്ളുന്ന അവസ്ഥയാണ് മിക്കവർക്കും ഇത്തരം ഷോപ്പിങ് അനുഭവങ്ങൾ. എന്തൊക്കെയാണ് വാങ്ങിക്കേണ്ടത് എന്ന വ്യക്തമായ ധാരണ ഇല്ലെങ്കിൽ ഇത്തരം കടകൾ ബഡ്ജറ്റിനപ്പുറമുള്ള ഷോപ്പിങ് ആയിരിക്കും സമ്മാനിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here