ഓൺലൈൻ കുരുക്കുകൾ കളി കാര്യമാവണ്ടാ !! വലിയ ശ്രദ്ധ വേണം

0
54

ഇൻറർനെറ്റും ഈമെയിലും ഓൺലൈൻ മാധ്യമങ്ങളും ഇന്ന് നമ്മുടെ ജീവിതത്തിന്റെ അവിഭാജ്യഘടകമായി മാറിയിരിക്കുന്നു. ഔദ്യോഗിക കാര്യം മുതൽ ദൈനംദിന ആവശ്യങ്ങൾ വരെ ഓൺലൈൻ വഴി നേടിയെടുക്കുന്ന പ്രവണതയാണ് ഇന്ന് കാണപ്പെടുന്നത്. കാലത്തിൻറെ മാറ്റം ഉൾക്കൊണ്ട് മുന്നോട്ടു പോകുമ്പോൾ വഴിയിൽ പതിയിരിക്കുന്ന അപകടങ്ങളെക്കുറിച്ച് നമ്മൾ ബോധവാന്മാർ ആയിരിക്കണം. ഓൺലൈൻ രംഗത്ത് നമ്മളെ കാത്തു ധാരാളം തട്ടിപ്പുകളും ചൂഷണങ്ങളും ഒളിഞ്ഞും തെളിഞ്ഞു ഇരിപ്പുണ്ട്. പ്രായോഗിക ബുദ്ധിയും ദീർഘ വീക്ഷണവും ഉൾക്കൊണ്ടുകൊണ്ട് സമചിത്തതയോടെ ഉള്ള ഉപയോഗം ഇത്തരം കുരുക്കുകളിൽ നിന്നും ഒഴിവാകാൻ നമ്മളെ സഹായിക്കും.

പ്രധാനപ്പെട്ട ഓൺലൈൻ തട്ടിപ്പുകൾ:

1. ഡേറ്റിംഗ് സൈറ്റുകൾ/ ആപ്ലിക്കേഷനുകൾ

ഇന്നത്തെ യുവതലമുറ ഏറ്റവും കൂടുതൽ ചൂഷണം ചെയ്യപ്പെടുന്ന മേഖലയാണ് ഡേറ്റിംഗ് സൈറ്റുകൾ അല്ലെങ്കിൽ ആപ്ലിക്കേഷനുകൾ. നമുക്ക് പരിചയമില്ലാത്തവരുമായുള്ള സൗഹൃദങ്ങളും ബന്ധങ്ങളും ഇൻറർനെറ്റ് വഴി നേടിയെടുക്കാൻ ശ്രമിക്കുന്നത് വഴി ഒരുപാട് പേർ ചൂഷണത്തിന് വിധേയരാകുന്നു. ഇത്തരം ആപ്പുകൾ വഴി വ്യക്തിപരമായ വിവരങ്ങളും വീഡിയോകളും ഫോട്ടോകളും കൈമാറ്റം ചെയ്യപ്പെടുകയും പിന്നീട് അവ ഉപയോഗിച്ച് മറ്റു പല രീതിയിലുള്ള ബ്ലാക്ക് മെയിലിംഗുകൾ നടക്കുന്നത് സർവ്വസാധാരണമാണ്.

2. ഓൺലൈൻ ലോട്ടറി/ ജാക്ക്പോട്ട്
ടെലികോം സേവനം ദാതാക്കളായ ഡു അല്ലെങ്കിൽ എത്തിസലാത് പ്രതിനിധികൾ ആണെന്ന വ്യാജേന, അവിശ്വസനീയമായ   സമ്മാനങ്ങൾക്ക് നറുക്കെടുപ്പ് വഴിയോ ജാക്ക് പോട്ട് വഴിയോ അർഹത നേടിയിട്ടുണ്ട് എന്ന് പറഞ്ഞിട്ടുള്ള ഓൺലൈൻ തട്ടിപ്പുകൾ ഇന്ന് വ്യാപകമാണ് . സമ്മാനങ്ങൾ നേടിയെടുക്കുന്നതിനുവേണ്ടി മൊബൈൽ ഫോണിലേക്ക് വരുന്ന അല്ലെങ്കിൽ ഇ-മെയിൽ സന്ദേശങ്ങൾ വഴി വരുന്ന ഒടിപി പാസ്‌വേഡുകൾ പറഞ്ഞുകൊടുക്കുകയോ അതല്ലെങ്കിൽ അക്കൗണ്ട് വഴി ഒരു രജിസ്ട്രേഷൻ തുക അടക്കുകയോ ചെയ്യാനാണ്  ഇത്തരത്തിലുള്ള ചൂഷണം നടത്തുന്നവർ ആവശ്യപ്പെടുക. ഇത്തരക്കാരുടെ വലയിൽ വീഴുന്ന വർക്ക് സമയവും പണവും മാത്രമല്ല മാനവും കൂടി നഷ്ടമാകുന്ന അവസ്ഥയാണ് പിന്നീട് ഉണ്ടാവുക.

3.ഇൻറർനെറ്റ് ഇമെയിൽ സ്കാം.

ഇമെയിലുകൾ വഴി ധാരാളം ഓഫറുകളും സമ്മാനത്തിനു സമ്മാന തുകകളും ഓഫർ ചെയ്യുക, ബാങ്ക് അക്കൗണ്ട് ക്രെഡിറ്റ് കാർഡ് ഡീറ്റെയിൽസ് ചോദിച്ചുകൊണ്ട് മെസ്സേജുകൾ അല്ലെങ്കിൽ ലിങ്കുകൾ അയക്കുക വഴി വിശദ വിവരങ്ങൾ നേടിയെടുക്കുകയും പിന്നീട് അവ ഉപയോഗിച്ച് പണം പിൻവലിക്കുകയോ, നമ്മൾ അറിയാത്ത ഇടപാടുകൾ നടത്തുകയോ ചെയ്യും.

4. തൊഴിൽ വാഗ്ദാനങ്ങൾ

യുഎഇയിലെ പ്രവാസി സമൂഹം നേരിടുന്ന ഏറ്റവും വലിയ ഓൺലൈൻ തട്ടിപ്പാണ് പൊള്ളയായ തൊഴിൽ വാഗ്ദാനങ്ങൾ. നിലവിലില്ലാത്ത റിക്രൂട്ട്മെൻറ് കമ്പനികളുടെയോ ഏജൻസികളുടെയോ മറവിൽ ആകർഷണീയമായ തൊഴിൽ വാഗ്ദാനങ്ങൾ നൽകി അഭ്യസ്തവിദ്യരായ യുവ തലമുറയെ വരെ ഇത്തരം ചൂഷകർ വലയിലാക്കും.  പ്രോസസിംഗ ഫീ ആയും റിക്രൂട്ട്മെൻറ് ചാർജ്ജ് ആയും ഒരു തുക ആവശ്യപ്പെടുകയും അതിന് ശേഷം ഇവരെ കുറിച്ച് വിവരം ഇല്ലാതിരിക്കുകയും ചെയ്യുകയാണ് ഇത്തരം തട്ടിപ്പുകളുടെ സ്വഭാവം.സാധാരണ ഇത്തരം ആൾക്കാരെ കുറിച്ച് വ്യക്തമായ വിവരങ്ങളോ ഇല്ലാത്തതുകൊണ്ട് തന്നെ തുടർനടപടികൾക്ക് ആരും മുന്നോട്ടു വരാറില്ല എന്നതാണ് സത്യം.

5. ഔദ്യോഗിക കോളുകൾ

ബാങ്ക് പ്രതിനിധികൾ എന്ന വ്യാജേന മൊബൈൽ നമ്പറിലേക്ക്  അല്ലെങ്കിൽ ഇൻബോക്സിലേക്കോ വരുന്ന ഓൺലൈൻ തട്ടിപ്പുകൾ ആണിവ. ക്രെഡിറ്റ് കാർഡുകളോ ഡെബിറ്റ് കാർഡോ ബ്ലോക് ആയിട്ടുണ്ട് എന്നോ, എ.ടി.എം അപ്ഡേറ്റ് ചെയ്യണം എന്ന നിർദ്ദേശം കൊണ്ടൊക്കെയാണ് ഇത്തരക്കാർ സമീപിക്കുക. അക്കൗണ്ട് വിവരങ്ങൾ അല്ലെങ്കിൽ അതുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ ചോദിച്ചറിയുകയും അക്കൗണ്ട് വിവരം നൽകിയാൽ നിങ്ങളുടെ മൊബൈലിലേക്ക് അല്ലെങ്കിൽ മെസ്സേജ് ലേക്കോ ഇ-മെയിലിലേക്കോ വരുന്ന ഒടിപി പാസ്സ്‌വേർഡ് ചോദിക്കുകയും പിന്നീട് അവ  നൽകുന്നതുവഴി കാർഡുകൾ അവർ ഹാക്ക് ചെയ്യുകയോ അല്ലെങ്കിൽ മറ്റുള്ള വിനിമയങ്ങൾക്ക് ഉപയോഗിക്കുകയോ ചെയ്യും എന്നതാണ് പരിണിത ഫലം.

ഓൺലൈൻ ചൂഷണങ്ങളെ എങ്ങനെ നേരിടാം?

1.എവിടെയും എങ്ങനെയും ചൂഷകർ പതിയിരിക്കുന്നുണ്ട് എന്ന തിരിച്ചറിവ് ഉണ്ടാവുക. ഓൺലൈൻ വഴിയുള്ള സൗഹൃദങ്ങളും ബന്ധങ്ങളും നിരുത്സാഹപ്പെടുത്തുക.

2. വ്യക്തിപരമോ ഔദ്യോഗിക പരമോ ആയ കാര്യങ്ങൾക്ക് വേണ്ടി അപരിചിതരുമായി ഫോൺ വഴിയോ ഇമെയിൽ വഴിയോ സോഷ്യൽ മീഡിയ വഴിയോ വിലപ്പെട്ട വിവരങ്ങൾ കൈമാറാതിരിക്കുക.

3.ഏതു കാരണത്തിനു വേണ്ടി ആയാലും ആരുമായാണ് ബന്ധപ്പെടുന്നത് എന്ന വ്യക്തമായ ബോധമുണ്ടാകുക.

4. സംശയം ഉളവാക്കുന്ന സന്ദേശങ്ങളോ ലിങ്കുകളോ, അറ്റാച്ച്മെന്റുകളോ തുറക്കാതിരിക്കുക.

5. താങ്കളുടെ സഹകരണം ആവശ്യപ്പെട്ടുകൊണ്ടുള്ള കോളുകൾ ഒഴിവാക്കുക. കമ്പ്യൂട്ടർ അല്ലെങ്കിൽ മൊബൈൽ ആപ്പുകൾ വഴി ലോഗിൻ ചെയ്യാനോ  ബന്ധപ്പെട്ട വിവരങ്ങളോ ചോദിച്ചു കൊണ്ടുള്ള ഒരു കോളും പ്രോത്സാഹിപ്പിക്കാ തിരിക്കുക.

6.വ്യക്തിപരമായ എല്ലാ വിവരങ്ങളും സുരക്ഷിതമായി കൈകാര്യം ചെയ്യുക. പാസ് വേഡുകൾ അല്ലെങ്കിൽ പിൻകോഡുകൾ, കാണുന്ന വിധത്തിൽ രേഖപ്പെടുത്തി വെക്കാതിരിക്കുക.

7. സോഷ്യൽ മീഡിയകളിൽ വ്യക്തിപരമായ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാതിരിക്കുക

8.സെക്യൂരിറ്റി സോഫ്റ്റ്‌വെയറുകളും പാസ്‌വേഡ് പ്രൊട്ടക്ഷൻ സംവിധാനങ്ങളും ഉപയോഗിച്ച് കമ്പ്യൂട്ടറുകളും ഡിവൈസുകളും സുരക്ഷിതമാക്കുക

9. പബ്ലിക് നെറ്റ്വർക്കുകൾ ഉപയോഗിക്കുമ്പോൾ ജാഗ്രത പുലർത്തുക

10.സോഷ്യൽ മീഡിയകളിലോ സൈറ്റുകളിലോ  ആപ്ലിക്കേഷനുകളിലോ വിവരങ്ങൾ നൽകുമ്പോൾ  സുരക്ഷാ ചട്ടങ്ങളും മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുക.

11. അനാവശ്യമായ ഓൺലൈൻ ഇടപാടുകൾ ഒഴിവാക്കുക. ഡെബിറ്റ് ക്രെഡിറ്റ് കാർഡ് വിവരങ്ങൾ യുക്തിപൂർവ്വം കൈകാര്യം ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here